വണ്ടിത്താവളത്തിന്റെ തങ്കം
തങ്കം തിയ്യേറ്റർ 1958 കാലഘട്ടത്തിലാണ് വണ്ടിത്താവളം ടൗണിൽ വന്നത്. ഓലക്കൊട്ടക . അതുവരെ നാട്ടുകാർക്ക് സിനിമ കാണണമെന്കിൽ ചിറ്റൂർ സീതാറാം, അത്തിക്കോട് ബാബു, പാലക്കാട് – ന്യൂ, ഗൗഡർ,ഹൃദയ കൊട്ടകകളിൽ പോകണം.
തങ്കം ഓലക്കൊട്ടകയാണ്. ഉടമസ്ഥൻ ആഴിചിറ ശ്രീനിവാസൻ മുതലാളി .ടൗണിൽ മുതലാളിയുടെ മാളികയ്ക്കെതിരിൽ തൃശൂർ – പൊള്ളാച്ചി റോഡരികിലെ ഒരേക്കറിൽ കൊട്ടക പൊന്തി -മുതലാളിയുടെ പ്രിയപ്പെട്ട മകളുടെ പേരിൽ . ഭുജന്മിയായ മുതലാളി പിന്നെ കൊട്ടക മുതലാളിയായി.
വെള്ളി, ശനി, ഞായർ മാറ്റിനിയടക്കം മൂന്ന് കളികൾ. ബാക്കിയുള്ള ദിവസം ഫസ്റ്റ്, സെക്കൻഡ് കളികൾ മാത്രം. കറണ്ട് പോയാൽ ഔട്ട്പാസ് തരും. അടുത്ത കളി വന്നു കാണാം.ജനറേറ്റർ ഇല്ല. കൊട്ടകയോട് ചേർന്ന് കാന്റീൻ. ചായ, കടല മുറുക്ക്, കപ്പലണ്ടി. പാട്ടുപുസ്തകം. കാന്റീനപ്പുറത്ത് സ്ത്രീകളുടെ വിശ്രമമുറി. പ്രൊജക്ടർ റൂമും, ചേർന്നുള്ളത് സിനിമാ റപ്രസെൻററ്റീവിന്റെ വിശ്രമറൂമും . അതിന് താഴെ മാനേജർ റൂമും .
കോയമ്പത്തൂർ ഷൺമുഖ തിയ്യേറ്ററിലെ അസിസ്റ്റന്റ് ഓപ്പറേറ്റർ വണ്ടിത്താവളം സ്വദേശി ചിന്നക്കണ്ണ് റാവുത്തറെ ശ്രീനിവാസൻ മുതലാളി നല്ല ശമ്പളത്തിൽ തങ്കത്തിലെ മുഖ്യ ഓപ്പറേറ്ററാക്കി. 2.30 മണിക്ക് മാറ്റിനി. 7 , 10 മണിക്ക് ഒന്നും രണ്ട് കളികൾ. പണിമാറി വരുന്ന തൊഴിലാളികളെ ഉദ്ദേശിച്ചാണ് ഒന്നും രണ്ടും കളി സമയം. പൂഴിത്തറ, ബഞ്ച്, ചാരു ബഞ്ച്, കസേര എന്നിങ്ങനെ നാലുതരം ടിക്കറ്റ്.
പാലക്കാട്,ചിറ്റൂർ പ്രദർശനം കഴിഞ്ഞ് ആറുമാസങ്ങൾകഴിഞ്ഞ് പടങ്ങൾ തങ്കത്തിലെത്തും. ഓണത്തിനും വിഷുവിനും എം.ജി.ആർ – ശിവാജി – പ്രേം നസീർ ഹിറ്റ് ചിത്രങ്ങൾ വരും. കൊട്ടകപറമ്പിലെ മുറ്റത്തുള്ള വേപ്പുമരത്തിൽ വർണ്ണവൈദ്യുതിയ ലങ്കാരവും പ്രത്യേകിച്ചുണ്ടാവും. കൊട്ടക ശ്രീനിവാസൻ മുതലാളിക്ക് സമൂഹത്തിൽ വലിയ പ്രമാണിത്തമാണ് ഉണ്ടാക്കിക്കൊടുത്തത്.വെള്ള വസ്ത്രധാരിയായി മുതലാളി വൈകീട്ട് എന്നും കൊട്ടകയിലെത്തും. കൊട്ടകകൾ അന്നു നാട്ടിൽ വലിയ സ്വാധീനം ചെലുത്തുന്ന സംഗതിയാണ്. എല്ലാ കളികളും ഹൗസ്ഫുള്ളാണ്. മിക്ക പടങ്ങളും നൃത്ത സംഗീതം നിറഞ്ഞതും മൂന്നും മൂന്നര മണിക്കൂർ ദൈർഘ്യമുള്ളതുമാണ്. ഭക്തി പടങ്ങൾ വേറെ. ശിവരാത്രി, വണ്ടിത്താളം ചന്ദനക്കുടം ഉൽസവം എന്നീ നാളുകളിൽ രാത്രി മുഴുവൻ സ്പെഷൽ ഷോകളാണ്. കാലക്രമേണ ജനറേറ്റർ വന്നു. മാറ്റിനി എല്ലാ ദിവസവുമായി. കൊട്ടക നല്ല വരുമാന കേന്ദ്രമായി. കൊട്ടക നിൽക്കുന്ന കവല തങ്കം കവലയായി മാറി.
കാലം ചെല്ലവേ, 75 കാലത്തിൽ വണ്ടിത്താവളത്ത് മറ്റൊരു കൊട്ടക കൂടി വന്നു – ചാമിയാർ മുതലാളിയുടെ പ്രസന്ന തിയ്യേറ്റർ. പുതിയ തിയ്യേറ്ററിനെതിരെ ശ്രീനിവാസൻ മുതലാളി കോടതി വഴി സ്റ്റേ ഓർഡർ വാങ്ങി. ഹൈക്കോടതി വഴി പ്രസന്നക്കാർ സ്റ്റേ നീക്കി. ഈ പരിപാടി കുറച്ചു കാലം തുടർന്നു. പിന്നെ ഇരു കൊട്ടകകളും മൽസരിച്ചോടി. കാലങ്ങളോളം.കൊട്ടകകൾ ഷീറ്റു മേഞ്ഞു. തറ ടിക്കറ്റ് ഇല്ലാതായി. വൈകീട്ടെ കളികൾ 6,9 മണിയായി. പുതിയ ശബ്ദ സിസ്റ്റം വന്നു. പാട്ടുപുസ്തകം നിന്നു.
പിന്നേയും കാലം കടന്നു.ടി.വി.യും, vcr ഉം, cd യും നാട്ടിലെത്തി. തിയ്യേറ്ററിൽ ആളു കുറഞ്ഞു. കൊട്ടക നഷ്ടക്കച്ചവടമായി. കൊട്ടക മുതലാളി എന്ന പേരു മാത്രം മിച്ചം. തറവാട്ടുകാരായതിനാൽ സെക്സ് പടങ്ങൾ ഓടിച്ച് കൊട്ടക നടത്താനും അഭിമാനം സമ്മതിച്ചില്ല. കുടുംബപരം , കൃഷിപരമായ പ്രശ്നങ്ങളും ശ്രീനിവാസൻ മുതലാളിയെ തളർത്തി ഇതിനകം കടംകാരനാക്കിയിരുന്നു. ഒടുവിൽ മുതലാളി തങ്കം തിയ്യേറ്റർ ഒരു മന്നാഡിയാർക്ക് വിറ്റു – വേദനയോടെ .തങ്കം എന്ന പേരിൽത്തന്നെ മന്നാഡിയാർ കൊട്ടക കുറച്ചു കാലം നടത്തി.പിന്നെ അതും നിർത്തി. ഈ സമയം തന്നെ പ്രസന്ന തിയ്യേറ്ററും നിലച്ചു. ശ്രീനിവാസൻ മുതലാളി കാലം ചെയ്തു. മന്നാഡിയാരുടെ പേരിലുള്ള തങ്കം കൊട്ടക അതേപടി ഇപ്പോഴും പൂട്ടിക്കിടപ്പാണ്. പ്രസന്നയുടെ സ്ഥിതിയും ഇതു തന്നെ.
ഇപ്പോഴും വണ്ടിത്താവളത്ത് തങ്കം കവല വഴി പോകുമ്പോൾ പൂട്ടിക്കിടക്കുന്ന തിയ്യേറ്റർ കാണാം. ഓർമ്മകളിലെ പ്രൊജക്ടറിന്റെ പ്രകാശ-ശബ്ദ വിന്യാസത്തിൽ എം.ജി.ആർ. – ശിവാജി – എം.എൻ.നമ്പ്യാർ -രജനി – കമൽ- ലാൽ – മമ്മൂട്ടി സംഭാഷണങ്ങൾ ചെവികളിൽ മുഴങ്ങുന്നതു പോലെ തോന്നും. അപ്പോൾ വെളുക്കെച്ചിരിച്ച് ശുഭ്രവസ്ത്രധാരിയായി ശ്രീനിവാസൻ മുതലാളി മുന്നിൽ വന്നു നിൽക്കുന്നതായി തോന്നും.
മുതലാളിയും, തങ്കം കൊട്ടകയും വണ്ടിത്താവളത്തിന്റെ തങ്കങ്ങളായിരുന്നു ആ നല്ല കാലത്ത്.
——-
എഴുതിയത് : സണ്ണി രാജൻ
https://www.facebook.com/sunnyrajan.rajan