Categories: History

വണ്ടിത്താവളത്തിന്റെ ചക്രപാത

വിശാലമായ തെക്കൻ ചക്രവാളം മുഴുവൻ നിറഞ്ഞു നിൽക്കുന്ന നീല ഛായയുള്ള തെൻമലനിരകൾ.

മുല്ലവള്ളികൾ പടർന്നതു പോലെ അതിൽ അസംഖ്യം വെള്ളി നീർച്ചാലുകൾ ഒഴുകുന്നു. പച്ചയായ കാട്ടു സമ്പത്ത്. ചുരം കയറിപ്പോകുന്ന നെല്ലിയാമ്പതി ഹൈറേഞ്ച് പാത ചെറിയ ചരട് പോലെ കാണാം. രാത്രി കാലങ്ങളിൽ മല മുഴുവൻ തീയാണ് – മരക്കരി ഉണ്ടാക്കൽ.

നെല്ലിയാമ്പതിക്കുള്ള വഴിവിളക്കുകൾ കത്തുന്നതും കാണാം. മലനിരകൾക്ക് താഴെ നോക്കെത്താ കിലോമീറ്ററുകൾ പരന്നു കിടക്കുന്ന നെൽപ്പാടം അവയിൽ കരിമ്പനക്കൂട്ടങ്ങൾ.

വരമ്പുകളിലെ ആര്യവേപ്പിന്റെ ചോലമരങ്ങൾ. വീതി കൂടി പതഞ്ഞൊഴുകുന്ന പറമ്പിക്കുളം കനാൽ.  2-3 ഏക്കർ പരപ്പിലും, കുറച്ചുയരത്തിലുമുള്ള വണ്ടിത്താവളം കാലിച്ചന്തയിൽ നിന്നും കാണുന്ന ദൃശ്യമിതാണ്. സ്ഥലം ആസ്ഥാന ജന്മി കല്യാണ കൃഷ്ണയ്യരുടെ വിശാലമായ ബംഗ്ലാവിനോട് ചേർന്ന് കിഴക്കുഭാഗത്തായി തൃശൂർ – പൊള്ളാച്ചി റോഡരികിലാണ് കാലിച്ചന്ത. സ്ഥലം അയ്യരുടെതാണ്. എണ്ണമറ്റ ഭൂമിയും, കൃഷിക്കളങ്ങളും, കുടിയാൻമാരുമുള്ള ജൻമിക്ക് കാലിച്ചന്ത അത്യാവശ്യമാണ്.

വ്യാഴം ദിവസത്തെ പൊള്ളാച്ചിച്ചന്ത കഴിഞ്ഞാൽ ഉരുക്കൾ വെള്ളിയിലെ വണ്ടിത്താവളം ചന്തയിലെത്തും. അന്ന് ചന്തയും, അങ്ങാടിയും ഉൽസവപ്പറമ്പാണ്. ലക്ഷങ്ങളുടെ കച്ചവടം നടക്കും. വണ്ടിത്താവളത്തെ ആനമല ചെട്ട്യാരുടെ ജയ റ്റീ ക്ലബ്ബ്, മന്നാഡിയരുടെ അശ്വതി ഹോട്ടൽ എന്നിവ രാത്രിയും അന്ന് തുറക്കും. ഉരു മുതലാളിമാർ അവിടെയിരുന്ന് ഭക്ഷണം കഴിച്ച് കോടികൾ കിലുങ്ങുന്ന വീർത്ത മഞ്ഞ സഞ്ചികൾ മാറത്ത് വച്ച് ഉറങ്ങും.

ചാരായക്കടയിലും, കള്ള് ഷാപ്പിലും പൂരം. ചന്ത കഴിഞ്ഞ് കച്ചവട ബാക്കിയായ കാലികൾ ശനിയാഴ്ച കുഴൽമന്ദം ചന്തയ്ക്കു പോകുമ്പോഴേക്കും വണ്ടിത്താവളത്ത് അപ്പടി ചാണകക്കൂട്ടമായിരിക്കും.വൈക്കോൽ-കയർ കച്ചവടം, ലാടം തല്ലൽ തിരക്കും ഗംഭീരം. ബ്രോക്കർമാരുടെ കീശയും നിറയും. ചന്തയിൽ നിറയെ കാഞ്ഞിരമരങ്ങളും, കരിങ്കല്ലിലെ വെള്ളത്തൊട്ടികളും.

കാലിച്ചന്തയ്ക്കു് കിഴക്കായി പടിപടിയായി നാൽപ്പതടി ഉയരത്തിൽ അറേബ്യൻ മതസുവിശേഷകൻ ചിന്നമീരാസ ഔലിയയുടെ ഖബറാണ്. ഇവിടെ ഗംഭീര ചന്ദനക്കുടം ആഘോഷിക്കുന്നു. ഗജവീരൻമാർ അപ്പപ്പെട്ടി വഹിക്കുമ്പോൾ പഞ്ചവാദ്യം മുറുകുന്നു. കത്തിക്കുത്ത് റാത്തീബ്, പക്ഷിമാർക്ക്, നൂർ സേട്ട്, പത്താംനമ്പർ ബീഡിക്കമ്പനിക്കാരുടെ ഗാനമേളകൾ കാലിച്ചന്ത മൈതാനത്ത് കൊഴുക്കും.

ബിരിയാണിയും, പൊറോട്ടയും, ഇറച്ചിക്കറിയുമായി ഹോട്ടലുകൾ രാവേറെയുണ്ടാവും. വണ്ടിത്താവളത്തിന് അന്ന് ഉറക്കമില്ല. തങ്കം, പ്രസന്ന കൊട്ടകകളിൽ സ്പെഷൽ ഷോകൾ . വീടുകളിൽ അത്തറിന്റേയും, മൈലാഞ്ചിയുടേയും പ്രണയ സുഗന്ധങൾ . പുലർച്ചെ അപ്പപ്പെട്ടി ഖബർസ്ഥാനിലെത്തിതിയത് സൂചിപ്പിച്ച് വർണ്ണ അമിട്ടുകൾ പൊട്ടുമ്പോൾ ഹൃദയങ്ങളിൽ പ്രണയനക്ഷത്രങ്ങൾ വിരിയുന്നു.

പറമ്പിക്കുളം കനാലിനരികെയുള്ള മാരിയമ്മൻ കോവിലിൽ വിഷു കഴിഞ്ഞാൽ മേടപ്പൊങ്കലാണ് – വിളവെടുപ്പ് ഉൽസവം.കരകാട്ടം, ബാൻറ് വാദ്യം, തപ്പട്ട വാദ്യം, ഗംഭീര വെടിക്കെട്ട്, ഗാനമേള – ഇതൊക്കെയായി പൊങ്കൽ കാലിച്ചന്താപ്പറമ്പിൽ തകർക്കും.

രാഷ്ട്രീയ യോഗങ്ങളും എല്ലാം ഇവിടെത്തന്നെ. ഇതിനിടയിൽ വണ്ടിത്താവളം കൊച്ചി നാട്ടുരാജ്യത്തിൽ നിന്നും തൃശൂർ ജില്ലയിലേക്ക് മാറി. പിന്നെ ഐക്യ കേരളത്തിന് ശേഷം പാലക്കാട് ജില്ലയിലേക്കും മാറി. തൃശൂർ PSN അയ്യർ വക കരിവണ്ടി ബസുകൾ തൃശൂർ- പൊള്ളാച്ചി കൽപ്പാതയിലൂടെ നിർബാധം ഓടി.  ആയിരക്കണക്കിന് കാളവണ്ടികൾ ചരക്കുകളും, ആളുകളുമായി ഇതുവഴി പൊള്ളാച്ചിക്കും, പഴനിക്കും, വാൽപ്പാറയ്ക്കും, മൂന്നാറിലേക്കും ,മധുരയ്ക്കും, രാമേശ്വരത്തേക്കും കടന്നുപോയി. ഇവർക്കെല്ലാം കല്യാണ കൃഷ്ണഅയ്യരുടെ വക തണ്ണീർപ്പന്തലുകൾ സംഭാരം നൽകി. ഭൂപരിഷ്കരണചട്ടം വന്ന ഈ കാലത്ത് അയ്യർ ഭൂമി നഷ്ടപ്പെട്ട് തളർന്നു കോഴിക്കോട്ടേയ്ക്ക് പോയി. ബംഗ്ലാവും, ഹൈസ്കൂളും, കാലിച്ചന്തയും മാത്രമെ പിന്നെ അയ്യർക്കുണ്ടായിരുന്നുള്ളു . 1990 കാലമായപ്പോൾ കാലിച്ചന്ത നിലച്ചു. സ്കൂളും, ചന്തയും, ബംഗ്ലാവും അയ്യർ മഞ്ചേരിക്കാർക്ക് വിറ്റു. സ്കൂൾ,ബംഗ്ലാവ് എന്നിവ അതേ പടി നിൽക്കുന്നു. ചരിത്രം മണക്കുന്ന കാലിച്ചന്ത റിയൽ എസ്‌റ്റേറ്റ് ഇനമായി. അവിടെ വലിയ ഷോപ്പിംഗ് കോംപ്ലക്സും, വിശാലമായ ബസ് സ്റ്റാൻഡും വന്നു. ഖബർസ്ഥാനിനോട് ചേർന്ന് പള്ളിയും, അതിനടുത്തായി മാരിയമ്മൻ ക്ഷേത്രത്തിലേക്ക് നീണ്ട നടപ്പാതയും വന്നു. കാഞ്ഞിരമങ്ങളും, കരിങ്കൽത്തൊട്ടികളും മറഞ്ഞു.

സന്ധ്യാനേരത്ത് പുതിയ ബസ് സ്റ്റാൻഡിലെ മിൽമയിൽ നിന്നും ഒരു ചായ വാങ്ങി തെക്കൻ ചക്രവാള ഭാഗത്തേക്ക് പോയി നോക്കി. നീലച്ച അതേ തെൻമലനിരകൾ. നീർച്ചോലകൾ. തെളിഞ്ഞ നെല്ലിയാമ്പതി വഴിവിളക്കുകൾ. താഴെ പച്ചപ്പാടക്കടൽ.

പറമ്പിക്കുളം കനാൽ ശാന്തമായി ഒഴുകുന്നു. മാരിയമ്മൻ കോവിലിലെ ഉച്ചഭാഷിണിയിൽ ഭക്തിഗാനം ഖബർസ്ഥാൻ പള്ളിയിൽ ബാങ്കുവിളി. മനസ്സിൽ ചന്ദനക്കുടവും, പൊങ്കലും തേട്ടി. രാത്രിയിൽ മലയിൽ ഇപ്പോൾ തീ കുറവാണ്.

കഴിഞ്ഞ കാല ഓർമ്മച്ചിത്രങ്ങളുടെ നേരം എത്ര പോയതെന്നറിയില്ല. തിരികെ ബസ് സ്റ്റാൻഡിൽ നിന്നും മടങ്ങി മെയിൻ റോഡിലെത്തുമ്പോൾ മണി 8.45. മുൻപിൽ തിക്കിത്തിരക്കുള്ള പഴയ അതേ PSN ബസ് പൊള്ളാച്ചിക്കുള്ള അവസാന ട്രിപ്പുമായി മുന്നിൽ നിൽക്കുന്നു. ആകാശത്ത് ഖബർസ്ഥാനിന് മുകളിലായി കുറച്ച് വലിയൊരു വെള്ളിനക്ഷത്രം പുഞ്ചിരി തൂകി നിൽക്കുന്നു – അത് ചിന്നമീരാസ ഔലിയയാണ് – ജന്മി കല്യാണ കൃഷ്ണയ്യരാണ് – ചായക്കടക്കാരായ ആനമല ചെട്ട്യാരും, മന്നാഡിയാരുമാണ് – പാണ്ടി നാട്ടു കാലിക്കച്ചവടക്കാരാണ് .

അങ്ങനെ എണ്ണമറ്റ തലമുറകളിലുടെ കടന്നു വന്ന ഓരോ വണ്ടിത്താവളം ജന്മങ്ങളായിരുന്നു .

——-

എഴുതിയത് : സണ്ണി രാജൻ
https://www.facebook.com/sunnyrajan.rajan

ശ്രീ സണ്ണി രാജന്റെ വണ്ടിത്താവളത്തെ പറ്റിയുള്ള കൂടുതൽ വിവരണങ്ങൾ താഴെ

  1. വണ്ടിത്താവളത്തിന്റെ തങ്കം
  2. വെള്ളച്ചന് മരണമില്ല
Sunny Rajan

Bureaucrat.Journalist.Film maker

Share
Published by
Sunny Rajan

Recent Posts

New Road, A Small Win for the People!

New Road, A Small Win for the People! Congratulations to the people of Devi Nagar…

3 days ago

History of Palakkad, Chittur, and Tattamangalam

Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…

1 month ago

തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ പുറത്ത്

തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…

2 months ago

Ward delimitation kerala 2024

Chittur - Tattamangalam Municipality ward delimitation 2024  - Ward Delimitation 2024 Draft Notification Published

3 months ago

ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 2024

ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ,…

4 months ago

Empower Your Voice for a Better Tomorrow!

Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important…

4 months ago